കാപികോ റിസോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരേ അതിക്രമം, പൊളിക്കല്‍ നടപടികള്‍ തുടങ്ങി
ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തില്‍ വേമ്പനാട്ട് കായല്‍ കൈയേറി നിര്‍മിച്ച കാപികോ റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉടമകള്‍ നേരിട്ടാണ് റിസോര്‍ട്ട് പൊളിക്കുന്നത്. റിസോര്‍ട്ടിന്റെ ഒരു ഭാഗം തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സുപ്രീം കോടതിയുടെ 2020 ജനുവരിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടികള്‍.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ അതിക്രമം നടന്നു. റിസോര്‍ട്ടിലെ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉപകരണങ്ങള്‍ ജീവനക്കാര്‍ വലിച്ചെറിഞ്ഞു. റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.9397 ഹെക്ടര്‍ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി. 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുള്ള 35,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കേണ്ടത്.
ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ ഇന്ന് രണ്ട് വില്ലകള്‍ തകര്‍ക്കുമെന്നാണ് അറിയിപ്പ്. കെട്ടിടാവിഷ്ടങ്ങള്‍ കായലില്‍ വീഴാതെ നീക്കം ചെയ്യേണ്ടത് റിസോര്‍ട്ട് അധികൃതരുടെ ചുമതലയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.