കുടുംബശ്രീ ഓണച്ചന്ത: അഞ്ചര ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവു നേടി കുറുമാത്തൂര്‍ പഞ്ചായത്ത് സി.ഡി.എസ്
തളിപ്പറമ്പ്: കുടുംബശ്രീ ഓണച്ചന്തകളില്‍ ഇത്തവണ ജില്ലയില്‍ 1.25 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവു നേടിയപ്പോള്‍ അഞ്ചര ലക്ഷത്തിലേറെ രൂപയുടെ വിറ്റുവരവു നേടി കുറുമാത്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ജില്ലയില്‍ ഒന്നാമതായി. തുടര്‍ച്ചയായി നാലാം തവണയാണ് കാറുമാത്തൂര് പഞ്ചായത്ത് സി.ഡി.എസ് ഈ നേട്ടം കരസ്ഥമാക്കുന്നത്. കോവിഡിന് ശേഷം ഇത്തവണയാണ് ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകള്‍ സജീവമായത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടന്ന വിപണന മേളയില്‍ 1.25 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇത് റെക്കോഡ് വിറ്റുവരവാണ്. ജില്ലയിലെ 81 കുടുംബശ്രീ സിഡിഎസ് പരിധിയിലെ 102 കേന്ദ്രങ്ങളിലാണ് ഇത്തവണ ഓണം വിപണന മേള നടന്നത്. ജില്ലയില്‍ ആദ്യമായി വിറ്റുവരവ് ഒരു കോടി കടന്നപ്പോള്‍ അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരം രൂപയുടെ വിറ്റുവരവ് നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയ സി.ഡി.എസുകളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഡി.ഡി.എസ്. മേളയില്‍ ഏറ്റവും കൂടുതല്‍ സംരംഭകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയവരുടെ പട്ടികയിലും കുറുമാത്തൂര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 210 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ചുരുങ്ങിയത് 3 വീതം ഉല്‍പ്പന്നങ്ങള്‍ മേളയിലെത്തിച്ചു. സാധാരണയായി ഒരു കേന്ദ്രത്തില്‍ 3 ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കാറുള്ളത്. ഇത്തവണ നാല് കേന്ദ്രങ്ങളില്‍ 2 ദിവസങ്ങളിലായാണ് മേള നടത്തിയതോടെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടാനായെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എം സീന പറഞ്ഞു.