മുന്‍ പാകിസ്താന് അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
ലാഹോര്‍: മുന്‍ പാകിസ്താന് അമ്പയര്‍ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലാഹോറിലെ ലാന്‍ഡ ബസാറിലുള്ള തന്റെ വസ്ത്രവ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റൗഫിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗമായിരുന്നു ആസാദ് റൗഫ്. ഏഴു വര്‍ഷത്തോളം എലൈറ്റ് പാനലിലുണ്ടായിരുന്ന അദ്ദേഹം 2013-ലാണ് പുറത്താക്കപ്പെടുന്നത്. 47 ടെസ്റ്റുകളും 98 ഏകദിനങ്ങളും 23 ട്വന്റി 20-കളും നിയന്ത്രിച്ചിട്ടുണ്ട്. 2000ല്‍ പാകിസ്താനും ശ്രീലങ്കയും തമ്മില്‍ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അമ്പയറായി അരങ്ങേറ്റം കുറിച്ചത്. 1998ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ അമ്പയറിങ്ങ് കരിയര്‍ 2013-ലെ ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധിയിലായത്. പ്രശസ്തനായ അമ്പയര്‍ എന്നതിലുപരി പാകിസ്താനിലെ അറിയപ്പെടുന്ന ഫസ്റ്റ് ക്ലാസ് കളിക്കാരന് കൂടിയായിരുന്നു റൗഫ്.