സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ഒരു പ്രതിയെ പിടികൂടിയത് കാലിന് വെടിവച്ച്
ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ യുപി പോലീസ് പിടികൂടിയത് കാലിന് വെടിവച്ച്. പതിനേഴും പതിനഞ്ചും വയസുള്ള ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പ്രതികളായ സൊഹൈല്‍, ജുനൈദ്, ഹഫീസുള്‍ റഹ്മാന്, കരീമുദ്ദീന്‍, ആരിഫ് എന്നിവരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ജുനൈദിനെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടികളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ അയല്‍വാസി ഛോട്ടുവിനെയും യുപി പോലീസ് പിടികൂടിയിട്ടുണ്ട്.
സുഹൈലും ജൂനൈദുമായി പെണ്‍കുട്ടികള്‍ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഴുത്തുഞെരിച്ചു കൊന്ന് അവര്‍ ധരിച്ചിരുന്ന ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു.
ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.
സൊഹൈലും ജുനൈദും ഹഫീസുള്ളും ചേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിക്കുകയായിരുന്നു. സംഭവത്തിലെ പ്രതികളായ ആറു പേരെയും വേഗത്തില്‍ പിടികൂടാനായത് യുപി പോലീസിന് പൊന്‍തൂവലായി.