ജയലളിതയുടെ മരണത്തില്‍ ശശികല ഉള്‍പ്പെടെ 4 പേര് കുറ്റക്കാരെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വി.കെ. ശശികല ഉള്‍പ്പെടെ 4 പേര് കുറ്റക്കാരെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വമടക്കം 154 സാക്ഷികളെയാണ് കമ്മീഷന് വിസ്തരിച്ചത്. 2017ല്‍ രൂപീകരിച്ച കമ്മീഷന്റെ കാലാവധി 14 തവണ നീട്ടി നല്‍കിയിരുന്നു. തമിഴ്നാട് നിയമസഭയില്‍ പുറത്തു വിട്ട റിപ്പോര്ട്ടിന്മേല് ഡിഎംകെ സര്‍ക്കാര്‍ എടുക്കുന്ന നടപടി എന്താവുമെന്നാണ് ഇനി അറിയേണ്ടത്. ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്.
ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് റിപ്പോര്‍ട്ടിലുണ്ട്. 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചു. ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ചെയ്യുന്നത് ശശികല തടഞ്ഞു. സ്വന്തം നേട്ടത്തിനായാകാം ഇതു ചെയ്തത്. യുഎസില്‍ നിന്നെത്തിയ ഡോ.സമീന്‍ ശര്‍മ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല. എയിംസിലെ മെഡിക്കല്‍ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.
ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. 2016 ഡിസംബര്‍ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു. എന്നാല്‍, തെളിവുകളുടെ അടിസ്ഥാനത്തില്‍ ജയലളിതയുടെ മരണം 2016 ഡിസംബര്‍ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേത്തുടര്‍ന്നാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2017 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയോഗിച്ചത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി തമിഴിലും ഇംഗ്ലിഷിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് 2017ല്‍ അന്നത്തെ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നത്. 2016 സെപ്റ്റംബര്‍ 22ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യവും അതിനുശേഷം അവര്‍ മരിക്കുന്നതുവരെ ലഭിച്ച ചികിത്സയുടെ വിവരങ്ങളും സംബന്ധിച്ച് അന്വേഷണം നടത്താനായിരുന്നു കമ്മിഷനു ലഭിച്ച നിര്‍ദ്ദേശം.
ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി സി. വിജയ് ഭാസ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മീഷന് തമിഴ്നാട് നിയമസഭയില്‍ വച്ചു. ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാമമോഹന റെഡ്ഡിക്കെതിരെയും 608 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്.