അഭിഭാഷകന് വെടിയേറ്റ സംഭവം; അയല്‍വാസി പിടിയില്‍, ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പോലീസ്
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റ സംഭവത്തില്‍ അയല്‍വാസി പിടിയില്‍. പ്രൈം അലക്സ് ആണ് പിടിയിലായത്. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രൈമും മുകേഷും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ മുതല്‍ അയല്‍വാസികളായ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകീട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് പ്രൈം, അഭിഭാഷകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോളിലേറ്റ വെടിയുണ്ട നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പ്രൈം അലക്സിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രൈം അലക്സ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നു പരിക്കേറ്റ മുകേഷിന്റെ അമ്മ കനകമ്മ പറഞ്ഞു. മുകേഷിന്റെ അച്ഛനെ നേരത്തെ ഇയാള്‍ ഹെല്‍മറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേല്പിച്ചിരുന്നു. തര്‍ക്കത്തിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രൈം മുകേഷിന്റെ വീട് അടിച്ചു തകര്‍ത്തു. മുകേഷിനെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മുകേഷിന്റെ അമ്മ പറഞ്ഞു