പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയാറാക്കുന്നു
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പ്രതിയുടെ രേഖാചിത്രവും പോലീസ് തയാറാക്കുന്നുണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുക. തിരുവനന്തപുരം മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തില്‍ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എല്‍എംഎസ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. സംഭവം നടന്ന പുലര്‍ച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റില്‍ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോള്‍ തന്നെ അന്വേഷണം തുടങ്ങിയെങ്കില്‍ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.