നരബലിനടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു; ദുരൂഹത അന്വേഷിക്കുന്നു
പത്തനംതിട്ട: നരബലിനടന്ന വീടിനു സമീപം എട്ട് വര്‍ഷം മുന്‍പ് സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇലന്തൂരിലെ നരബലി നടന്ന വീടിനു സമീപത്തെ വഴിയരികില്‍ നിന്നും നെല്ലിക്കാലാ സ്വദേശിനി സരോജിനിയുടെ മൃതദേഹമാണ് ലഭിച്ചത്. 2014 സെപ്റ്റംബര്‍ 14ന് രാവിലെയാണ് 60 വയസുള്ള സരോജിനിയുടെ മൃതദേഹം വഴിയരികില്‍ കാണുന്നത്. ദേഹമാസകലമുള്ള മുറിവിലൂടെ രക്തം വാര്‍ന്ന നിലയിലായിരുന്നു. ദേഹമാസകലം 46 മുറിവുകള്‍ കണ്ടെത്തി. മിക്കതും ഇരു കൈകളിലുമായിരുന്നു. ഒരു കൈ അറ്റനിലയിലായിരുന്നു. രക്തം പൂര്‍ണമായും വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംശയം ഉടലെടുക്കുന്നത്. നരബലി നടന്ന വീടിന്റെ ഒന്നര കിലോമീറ്റര്‍ മാറിയാണ് സരോജിനിയുടെ വീട്. മൃതദേഹം കുളിപ്പിച്ച നിലയില്‍ ആയിരുന്നുവെന്ന് മകന് ആരോപിക്കുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. നരബലിയുടെ പശ്ചാത്തലത്തില്‍ കേസിനെ ആ ദിശയിലും പരിശോധിക്കാമെന്നു പൊലീസ് പറയുന്നു.