ജനനതീയതി തെളിയിക്കാൻ ഇനി ആധാര്‍ സ്വീകരിക്കില്ല
ന്യൂ ഡല്‍ഹി : ജനനത്തീയതി സ്ഥിരീകരിക്കുന്നതിനുള്ള രേഖകളുടെ കൂട്ടത്തില്‍ നിന്ന് ആധാറിനെ ഒഴിവാക്കി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അഥവാ ഇപിഎഫ്ഒ. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. യുഐഡിഎഐ (യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നീക്കം. ആധാറിന്റെ സ്ഥാനത്ത് മറ്റ് രേഖകളാണ് ഇനി ഹാജരാക്കേണ്ടതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം ജനനത്തീയതി സ്ഥിരീകരിക്കാനുള്ള അടിസ്ഥാന രേഖയായി പല സ്ഥാപനങ്ങളും ആധാറിനെ പരിഗണിക്കുന്നതായി യുഐഡിഎഐ പറഞ്ഞു. ഏകീകൃത തിരിച്ചറിയല്‍ രേഖയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനനത്തീയതി സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആധാര്‍ പാലിക്കുന്നില്ലെന്നും യുഐഡിഎഐ അറിയിച്ചു.
“ജനസംഖ്യാപരമായ വിവരങ്ങളും ബയോമെട്രിക് രേഖകളും സമര്‍പ്പിച്ചതിന് ശേഷം രാജ്യത്തെ പൗരന് ലഭിക്കുന്ന 12 അക്ക തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ആധാര്‍ ലഭിക്കുന്നതിനായി യുഐഡിഎഐ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള രേഖകള്‍ ആദ്യം വ്യക്തികള്‍ സമര്‍പ്പിക്കുന്നു. അവ പരിശോധിച്ചശേഷമാണ് ജനനത്തീയതി രേഖപ്പെടുത്തുന്നത്,” യുഐഡിഎഐ അറിയിച്ചു. ആധാറിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്നും എന്നാല്‍ ജനനത്തീയതി സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാകില്ലെന്നും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതോടെയാണ് ആധാറിനെ ജനനത്തീയതി സ്ഥിരീകരിക്കാനുള്ള രേഖയായി കാണേണ്ടതില്ലെന്ന് ഇപിഎഫ്ഒ തീരുമാനിച്ചത്. ഇപിഎഫ്ഒയുടെ ഈ നിര്‍ദ്ദേശത്തിന് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.