പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകം; കുളത്തില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് ആയുധങ്ങള്‍ അടങ്ങിയ ബാഗ് ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.
ശ്യാംജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രണയ ബന്ധത്തില്‍ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.