വിജയ്ക്ക് 500 രൂപ പിഴയിട്ട് തമിഴ്നാട് പൊലീസ്
പനയൂരിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയിയുടെ വാഹനം നിയമലംഘനം നടത്തിയത്.
ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ. പനയൂരിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് താരം ട്രാഫിക് നിയമലംഘനം നടത്തിയത്. രണ്ടിലധികം സ്ഥലങ്ങളിൽ വിജയുടെ വാഹനം റെഡ് സിഗ്നൽ ലംഘിച്ചെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്. 500 രൂപയാണ് താരത്തിനെതിരെ പിഴയായി തമിഴ്നാട് പൊലീസ് ചുമത്തിയിരിക്കുന്നത്.
താരത്തിന്റെ കാറിന്റെയും പിഴ ലഭിച്ച ചലാനിന്റെയു ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പനയൂരിൽ നിന്ന് നീലങ്ങരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന്റെ പിന്നാലെ ആരാധകരും കൂടിയിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വിജയ്യും ഡ്രൈവറും ട്രാഫിക് നിയമങ്ങൾ ലംഘിച്ചത്.
തിങ്കളാഴ്ച ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയ താരം തൻറെ ആരാധക സംഘടനയായ വി.എം.ഐ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വിജയ് രാഷ്ടീയ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അടുത്തിടെ പുറത്ത് വിട്ടിരുന്നു. അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കൂടിക്കാഴ്ച്ച