അതെ, അജന്ത മനുഷ്യവംശം തീര്‍ത്ത മഹാത്ഭുതം തന്നെ
കെകെആര്‍ വെങ്ങര എഴുതുന്നു
അജന്താ ഗുഹയോരങ്ങളിലെ നിമ്നോന്നതങ്ങളായ വഴിത്താരകള്‍ താണ്ടുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. എങ്കിലും ദൈര്‍ഘ്യമേറിയ പാതകളും വലിയ കല്പടവുകളും അജന്തയെന്ന വിസ്മയത്തിനു മുന്നില്‍ നമ്മള് മറന്നു പോകും. മൂന്നാമത്തെ തവണയാണ് ഞാന്‍ അജന്തയിലെത്തുന്നത്. അവസാനമായി വന്നിട്ട് മൂന്ന് ദശാബ്ദങ്ങളായിക്കാണും.
1982 ല്‍ ഐക്യരാഷ്ട്ര സഭ അജന്തയെ ലോക പൈതൃക മുദ്രയായി പ്രഖ്യാപിച്ചതോടെ ഒരു പാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. പണ്ട് ചിത്രങ്ങളൊക്കെ അടുത്തു നിന്നും കാണാന്‍ കഴിയുമായിരുന്നു. ഇന്ന് വേലിക്കെട്ടുകള്‍ തടസ്സമായി നില്ക്കുന്നു. ഇരുപത്താറാമത്തെ ഗുഹ വിസ്ഫോടനാത്മകമായ വിസ്മയം തീര്‍ത്ത് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആ കാഴ്ചകള്‍ ഒരു കലാസ്വാദനകനില് നിറക്കുന്ന അനുഭൂതി വാക്കുകള്‍ക്ക് അതീതമാണ്.
A D 625 ലാണ് ഈ ഗുഹ നിര്‍മിക്കപ്പെട്ടത് എന്നാണ് ഗവേഷക മതം. ഇന്നേക്ക് ആയിരത്തി മൂന്നുറ്റ് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് . ഏറ്റവും പഴക്കമേറിയ ഗുഹയ്ക്ക് രണ്ടായിരത്തി ഇരുന്നൂറിലേറെ പഴക്കമാണ് കല്പിക്കപ്പെടുന്നത്.
അവര്‍ണനീയമായ കാഴ്ചകളാണ് 26-ാമത് ഗുഹ ഒരുക്കി വെച്ചിരിക്കുന്നത്. കലാമുദ്രകള്‍ പലതും കാലങ്ങള്‍ അപഹരിച്ചെങ്കിലും അവശേഷിപ്പുകള്‍ തീര്‍ക്കുന്ന അല്ഭുതങ്ങള് തേടി ആയിരങ്ങളാണ് ദിവസേനയെന്നോണം ഇവിടെയെത്തുന്നത്.
മഹായാന ചൈത്യം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇടനാഴികളില്‍ ശ്രീ ബുദ്ധന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ അര്‍ദ്ധ തൃമാനാകൃതിയില് കൊത്തിവെച്ചിരിക്കുന്നു. ഉപവിഷ്ടനായ ബുദ്ധന്റെ ഭീമാകാരമായ ശില്പമാണ് ഈ ചൈത്യത്തിന്റെ കേന്ദ്ര ബിന്ദു എന്ന് പറയാം.. ഗുഹയുടെ ദൈര്‍ഘ്യമേറിയ ഇടത്തെ ചുമരില്‍ കൊത്തിവെച്ച ബുദ്ധന്റെ പരിനിര്വാണവസ്ഥയിലുള്ള ഇരുപത്തൊന്നടിയോളം വലുപ്പമുള്ള ശില്പം ആരിലും കൗതുകമുണര്‍ത്തും. മഹാ ഗുരുവിന്റെ മരണമാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ശില്പത്തിന് താഴെ ദുഃഖിതരായ ഈ ലോകവാസികളാണെങ്കില് മുകള്‍ ഭാഗത്ത് പുണ്യാത്മാവിനെ സന്തോഷ പൂര്‍വം എതിരേല്ക്കുവാന് വെമ്പല്‍ കൂട്ടുന്ന സ്വര്‍ഗ നിവാസികളാണ്.
ശയനസ്ഥനായ ബുദ്ധന്റെ കാല്പാദങ്ങളില് നിന്നും ഉയര്‍ന്നു പൊങ്ങുന്ന ബുദ്ധന് പ്രതിനിധീകരിക്കുന്നത് സ്വര്‍ഗത്തിലേക്ക് സഞ്ചരിക്കുന്ന ആത്മാവിനെ തന്നെയാണ്. അജന്ത ഒരു വിസ്മയമാണ്. പാറക്കെട്ടുകളില്‍ നിന്നും കടഞ്ഞെടുത്ത മഹാ വിസ്മയം. അനന്തമായ ഒരു ജീവിത നാടകമാണ് ഇവിടം മുഴുവന്‍ ശില്പങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആ വിഷ്കരിച്ചിരിക്കുന്നത്. നിശബ്ദനായി കാതോര്‍ത്തു നിന്നാല്‍ ഉളിയോശകള് തീര്‍ക്കുന്ന മണി നാദം കേള്‍ക്കാം. കലത്തിന്റെ അതിരടരുകള് ഭേദിച്ച് അത് നിങ്ങളുടെ ആത്മാവിലേക്ക് ഒഴുകിയെത്തും.
അതെ, അജന്ത മനുഷ്യവംശം തീര്‍ത്ത മഹാത്ഭുതം തന്നെ ……തീര്‍ച്ച