എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കസ്റ്റഡിയില്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മണ്‍വിള സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. യൂത്ത്കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.
കാറും ടീ ഷര്‍ട്ടുമാണ് തെളിവായി ലഭിച്ചിരിക്കുന്നത്. അക്രമിയുടെ ദൃശ്യങ്ങളില്‍ കണ്ട ടീ ഷര്‍ട്ടും ഷൂസും ജിതിന്റേതാണന്ന ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ആക്രമണ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ കണ്ട കെഎസ്ഇബി ബോര്‍ഡ് വെച്ച കാറും ഇയാളുടേതാണെന്ന് കണ്ടെത്തി.
ജൂണ്‍ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
ജൂണ്‍ 30ന് രാത്രി സ്കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.