എകെജി സെന്റര്‍ ആക്രമണം; പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ കണ്ടെത്തി
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിക്കാനായി പ്രതി ഉപയോഗിച്ച സ്കൂട്ടര്‍ കഴക്കൂട്ടത്ത് നിന്ന് കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിന് സ്ഫോടക വസ്തു എറിയാന്‍ എത്തിയ ഡിയോ സ്കൂട്ടറാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കഴകൂട്ടം കഠിനംകുളത്ത് നിന്നാണ് വണ്ടി കണ്ടെത്തിയത്. രഹസ്യ രൂപത്തില്‍ ഒളിപ്പിച്ച വിധത്തിലായിരുന്നു വണ്ടി. ജിതിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിന് വി കുളത്തൂപ്പുഴയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. രണ്ടരമാസം നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.