അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ സമ്മേളനം 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍
തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ലാ സമ്മേളനം ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തീരുമാനിച്ച അനുബന്ധ പരിപാടികള്‍ പുരോഗമിക്കുകയാണ്. 22ന് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ നവകേരള നിര്‍മ്മിതിയില്‍ കുടുംബശ്രീയുടെ പങ്ക് എന്ന വിഷയത്തിലുള്ള സെമിനാര്‍ ഡോ: ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. അന്നു തന്നെ ധര്‍മ്മശാലയില്‍ ”സമരപഥത്തിലെ പെണ്‍പെരുമ’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. 23ന് പരിയാരം ചിതപ്പിലെപൊയില്‍ നടക്കുന്ന ”ലഹരി ജീവിതം തന്നെ” എന്ന സെമിനാര്‍ കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനം 25ന് രാവിലെ 10 മണിക്ക് ഏഴാംമൈലിലെ കെ. ശാരദാമ്മ നഗറില്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ ഉദ്ഘാടനം ചെയ്യും. 18 ഏരിയകളില്‍ നിന്ന് ഏഴ് ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളും 62 ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 412 പേര് സമ്മേളനത്തില്‍ പങ്കെടുക്കും. 26ന് കാക്കാത്തോട് ബസ്സ്റ്റാന്റിലെ വി.വി സരോജിനി നഗറില്‍ പൊതുസമ്മേളനം നടക്കും. ഇതിന്റെ ഭാഗമായി തൃച്ഛംബരം, ചിറവക്ക്, മന്ന എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പതിനായിരം മഹിളകള്‍ പങ്കെടുത്തുകൊണ്ടുള്ള പ്രകടനം പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. പൊതുസമ്മേളനത്തില്‍ സഖാക്കള്‍ മറിയം ധാവ്ളെ, പി.കെ ശ്രീമതി ടീച്ചര്‍, കെ.കെ. ശൈലജ ടീച്ചര്‍, എന്‍, സുകന്യ, ഡോ: ആര് ബിന്ദു, സി.എസ് സുജാത, ഇ.പത്മാവതി എന്നിവര്‍ പങ്കെടുക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ബക്കളത്തെ കെ. ജാനകി ടീച്ചര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം കരിവെള്ളൂരിലെ വി.വി സരോജിനി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരും. ഒക്ടോബര്‍ 24 ന് വൈകുന്നേരം 6 മണിക്ക് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുമെന്നും സംഘാടക സമിതി ചെയര്മാന് കെ. സന്തോഷ് പറഞ്ഞു. സംഘാടക സമിതി കണ്‍വീനര്‍ പി.കെ ശ്യാമള, ടി. ബാലകൃഷ്ണന്, ഒ.സുഭാഗ്യം, ടി.ലത, ഓമന മുരളീധരന്, വി. സതീദേവി, കെ.അമ്മാളു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.