ഏഷ്യാ കപ്പ് 2023; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍, 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യയെടുത്തത്
കൊളംബോ : ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. മഴ കാരണം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്നലെ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പാകിസ്ഥാന് ബൗളര്‍മാര്‍ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചു. 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യയെടുത്തത്.രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് മത്സരം പുനരാരംഭിച്ചത്. വിരാട് കോഹ്ലിയും കെ എല്‍ രാഹുലുമായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്ന് പാക് ബൗളര്‍മാര്‍ ആദ്യം കരുതലോടെയും പിന്നീട് ആക്രമിച്ചും നേരിട്ടു. മൂന്നാം വിക്കറ്റില്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ്ലി-രാഹുല്‍ സഖ്യം പടുത്തുയര്‍ത്തിയത്. കോഹ്ലി 122 റണ്‍സുമായും രാഹുല്‍ 111 റണ്‍സുമായും പുറത്താകാതെ നിന്നു.
ഇന്നലെ ഇന്ത്യയുടെ ബാറ്റിംഗ് 24 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു മഴ കളി തടസപ്പെടുത്തിയത്. മണിക്കൂറുകളോളം മഴ മാറുന്നതിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആ തീരുമാനം തെറ്റായി പോയി എന്ന സന്ദേശം നല്കി കൊണ്ടാണ് ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും തുടങ്ങിയത്.രോഹിത് ശര്‍മ്മ 49 പന്തില്‍ ആറ് ഫോറിന്റേയും നാല് സിക്സിന്റേയും അകമ്പടിയോടെ 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 10 ഫോറുകളോടെ 58 റണ്‍സുമെടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവരേയും അടുത്തടുത്ത ഓവറുകള്‍ പുറത്താക്കി പാകിസ്ഥാന് കളിയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചെങ്കിലും മഴ കളി തടസപ്പെടുത്തുകയായിരുന്നു.