അറ്റ്ലസ് ഗ്രൂപ്പ് ചെയര്മാന് അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു, അന്ത്യം ദുബായിയില്‍
ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം. രാമചന്ദ്രന് (അറ്റ്ലസ് രാമചന്ദ്രന്-80) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നു രണ്ടു ദിവസമായി ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ദുബായില്‍.
തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടര്‍ന്നു പന്തലിച്ച രാമചന്ദ്രന് ഗള്‍ഫിലെ പ്രമുഖ മലയാളികളുടെ മുന്‍നിരയിലേക്ക് താമസിയാതെ ഉയര്‍ന്നു. ‘ജനകോടികളുടെ വിശ്വസ്തസ്ഥാപനം ‘ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി. മൂന്നു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അന്‍പതോളം ശാഖകളുണ്ടായിരുന്നു. യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍ പ്രവര്‍ത്തിച്ചു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെല്‍ത്ത് കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലും അറ്റ്ലസ് സാന്നിധ്യമറിയിച്ചിരുന്നു. ഹെല്‍ത്ത്കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലും നിക്ഷേപം നടത്തി. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരില്‍ 2015ല്‍ ദുബായില്‍ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. അറബിക്കഥ, മലബാര്‍ വെഡിങ്, 2 ഹരിഹര്‍ നഗര്‍ തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ : ഇന്ദിര, മക്കള്‍: ഡോ.മഞ്ജു, ശ്രീകാന്ത്.