വിദ്വേഷ പ്രസംഗം; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാന് തടവും പിഴയും
ലഖ്നൗ: വിദ്വേഷ പ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാന് തടവും പിഴയും ശിക്ഷ. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഐഎഎസ് ഉദ്യോഗസ്ഥനായ ആഞ്ജനേയ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് അസംഖാന് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. അസം ഖാനൊപ്പം മറ്റ് രണ്ട് പേര്‍ക്ക് കൂടി ശിക്ഷയുണ്ട്. ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. അസം ഖാന് വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. മോദിയുടെ ഭരണം ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കി എന്നായിരുന്നു അസംഖാന്റെ ആരോപണം.അഖിലേഷ് യാദവ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ പ്രബല നേതാവാണ് അസം ഖാന്. പാര്‍ട്ടിയിലെ രണ്ടാമനായും അദ്ദേഹം പരിഗണിക്കപ്പെടുന്നു.
റാപൂരില്‍ നിന്നുള്ള എംഎല്‍എ ആയ അസം ഖാന് തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളില്‍ പ്രതിയാണ്.