അഴീക്കല്‍ തുറമുഖ ആധുനികവത്കരണം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാന്
വളപട്ടണം: അഴീക്കല്‍ തുറമുഖ ആധുനികവത്കരണം രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മത്സ്യബന്ധന, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. അഴീക്കല്‍ മത്സ്യബന്ധന തുറമുഖം ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖം ആധുനികവത്ക്കരിക്കാന്‍ 25.36 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 186 മീറ്റര്‍ വാര്‍ഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കര്‍ മുറികള്‍, ചുറ്റുമതില്‍, ഇന്റേണല്‍ റോഡുകള്‍, കാന്റീന് കെട്ടിടം, പാര്‍ക്കിംഗ് ഏരിയ, ശുചിമുറി ബ്ലോക്ക്, ഫിഷറീസ് ഓഫീസ്, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയാണ് ഒരുക്കുക. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ കേരളത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളി കുടുംബത്തിലും മറ്റ് തൊഴിലെടുക്കുന്ന ഒരാളെങ്കിലും ഉണ്ടാവും എന്ന് മന്ത്രി പറഞ്ഞു.
മത്സ്യ വില്‍പ്പനക്ക് താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സ്കൂട്ടര്‍ നല്‍കും. കടലോരത്ത് നിന്നും മത്സ്യവുമായി പലയിടത്തും വില്‍പ്പനക്ക് പോകുന്നവര്‍ക്കായി തിരുവനന്തപുരത്ത് പ്രത്യേക ബസ് സര്‍വ്വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ വില്‍പ്പന കേന്ദ്രങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കും സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. നിര്‍മ്മാണ പ്രവൃത്തികളുടെ മികച്ച ഗുണമേന്മ സര്‍ക്കാരിന് നിര്‍ബന്ധമാണ്. അതിനാല്‍ നിര്‍മ്മാണത്തില്‍ അഴിമതി കണ്ടെത്തിയാല്‍ നടപടി വേഗത്തിലായിരിക്കും. ഇത് പരിശോധിക്കാന്‍ വിജിലന്‍സിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളപട്ടണം-മാട്ടൂല്‍ പുഴകളുടെ അഴിമുഖത്തില്‍ നിന്നും 1.75 കിലോമീറ്റര്‍ മാറിയാണ് അഴീക്കല്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള പ്രവേശനം സുഗമമാക്കാനും അഴിമുഖത്തിന്റെ സംരക്ഷണത്തിനുമായി പുഴയുടെ ഇരുകരകളിലായി നിലവില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹാര്‍ബറിന്റെ നിര്‍മ്മാണ സമയത്ത് ഹാര്‍ബര്‍ ബേസിന്, ബെര്‍ത്തിങ് ജെട്ടി, ഗിയര്‍ ഷെഡ്, പീലിംഗ് ഷെഡ്, ബോട്ട് ബില്‍ഡിംഗ് യാര്‍ഡ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലേല ഹാള്‍, ടോയ്ലറ്റ് ബ്ലോക്ക്, വാട്ടര്‍ ടാങ്ക്, ഐസ് പ്ലാന്റ് കെട്ടിടം എന്നിവ നിര്‍മ്മിച്ചു. നിലവിലെ മത്സ്യയാനങ്ങളുടെ ബാഹുല്യം, ബെര്‍ത്തിങ് സൗകര്യത്തിന്റെ അപര്യാപ്തത, മറ്റ് സൗകര്യ കുറവ് എന്നിവ കാരണമാണ് തുറമുഖം ആധുനികവത്കരിക്കുന്നത്.
ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ജോമോന് കെ ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഗിരീഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ ടി കെ ഷബീന, സി വി വിജയശ്രീ, കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പ്പറേഷന് ചീഫ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ ജിഷി മോന്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു.