അഴീക്കൽ തുറമുഖത്തിന് ഐഎസ്പിഎസ് കോഡ്; അന്തിമ പരിശോധന ഈയാഴ്ച
കണ്ണൂർ : അഴീക്കൽ തുറമുഖത്തിന് ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി(ഐഎസ്പിഎസ്) കോഡ് ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനായി ഇന്ത്യൻ റജിസ്ട്രാർ ഓഫ് ഷിപ്പിങ് (ഐആർഎസ്), മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് (എംഎംഡി), നാവികസേന, തീരസംരക്ഷണ സേന എന്നിവയുടെ മാർഗനിർദേശങ്ങൾ പാലിച്ചു തുറമുഖത്തു നിർമാണ – നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി 16 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
ബെർത്തിൽ വെളിച്ചമെത്തിക്കാൻ ഹൈമാസ്റ്റ് ലൈറ്റുകൾ സജ്ജമാക്കി. ചുറ്റുമതിലിനു മുകളിൽ മുള്ളുവേലി സ്ഥാപിക്കുന്ന പ്രവൃത്തി വൈകാതെ പൂർത്തിയാകുമെന്നു പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ പറഞ്ഞു. മെറ്റൽ ഡിറ്റക്ടർ, വോക്കി– ടോക്കി, ബൈനോക്കുലർ, അലാം തുടങ്ങിയ ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ ഓഫിസുകൾക്കുള്ള സൗകര്യങ്ങളും സജ്ജമാണ്. തുറമുഖത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും.
കണ്ടെയ്നറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ 22 കോടി രൂപ ചെലവിൽ 1000 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയുള്ള നാലു ഗോഡൗണുകൾ നിർമിക്കാൻ അനുമതി ലഭിച്ചതായി കെ.വി.സുമേഷ് എംഎൽഎ പറഞ്ഞു. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണം വൈകാതെ തുടങ്ങും. ഇതിനായി അഞ്ചര കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്. ഐഎസ്പിഎസ് കോഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ പരിശോധന ഈ ആഴ്ച നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനായി കൊച്ചിയിൽ നിന്നുള്ള എംഎംഡി സംഘം എത്തും.
ആറു മാസമാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിന്റെ കാലാവധി. മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പായാൽ തുടർന്ന് 5 വർഷത്തേക്കു സർട്ടിഫിക്കറ്റ് പുതുക്കി നൽകും. ഐഎസ്പിഎസ് കോഡ് ലഭിക്കുന്നതോടെ വിദേശ കാർഗോ-പാസഞ്ചർ കപ്പലുകൾക്ക് അഴീക്കലിലേക്കു വരാൻ വഴിയൊരുങ്ങും. കേരളത്തിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾക്കു മാത്രമാണു നിലവിൽ ഐസ്പിഎസ് പദവിയുള്ളത്.