ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച് തുറന്നു കൊടുത്ത സർവീസ് റോഡുകൾ ദുരിത പാതയാകുന്നു
റോഡ് പല സ്ഥലത്തും താഴ്ന്നും വശങ്ങളിലെ ഓവു ചാലിൻ്റെ കോൺക്രീറ്റ് സ്ലാബ് തകർന്നും അപകട ഭീഷണി ഉയർത്തുകയാണ്.
തളിപ്പറമ്പ : ബക്കളം വയലിന് സമീപം കൂടി കടന്നു പോകുന്ന സർവീസ് റോഡിൽ പത്തു മീറ്ററോളം ദൂരത്തിലാണ് റോഡ് താഴ്ന്ന് കിടക്കുന്നത്. ബക്കളം തോടിന് കുറുകെ നിർമ്മിച്ച കലുങ്കിന്റെ മുകൾ ഭാഗത്ത് റോഡ് അരയടിയോളം താഴ്ന്നു. വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് റോഡിലെ താഴ്ച വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്.
സർവീസ് റോഡിനോട് ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് ഓവ് ചാലിനോട് ചേർന്ന ഭാഗങ്ങളിൽ മിക്കയിടത്തും സമാനമായ രീതിയിൽ റോഡിന്റെ കാഴ്ച വ്യാപകമാണ്. മണ്ണ് നിറക്കുന്നതിൽ വന്ന അപാകതയാണ് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ താഴ്ചക്ക് പുറമേ പല സ്ഥലത്തും മൈക്കാഡം ടാറിങ്ങ് നടത്തിയ സർവീസ് റോഡിൽ മാസങ്ങൾക്കുള്ളിൽ കുഴികൾ രൂപപ്പെട്ടു. ബക്കളത്തും കീച്ചേരി, വേളാപുരം ഭാഗത്തും റോഡിൽ നിറയെ കുഴികളുണ്ട്. ബസ്ബേകൾ ഇല്ലാത്തതിനാൽ ബസുകൾ ഓവുചാലിൻ്റെ മുകളിലാണ് നിർത്തുന്നത്. ഈ ഭാഗങ്ങളിൽ ഭാരം താങ്ങാനാകാതെ സ്ലാബുകൾ തകർന്നിരിക്കുകയാണ്. കൂടാതെ പല ഭാഗത്തും വെള്ളക്കെട്ടും രൂക്ഷമാണ്. ദേശീയപാത പ്രവർത്തിയിൽ വ്യക്തമായ പ്ലാൻ ഇല്ലാത്തതാണ് പ്രവർത്തി പുരോഗമിക്കുമ്പോൾ ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്നും പദ്ധതി നടപ്പാക്കുന്നതിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നും സർവ്വീസ് റോഡിലെയും മറ്റും യാത്രാദുരിതം പരിഹരിക്കാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയരുകയാണ്.