കല്ലും മരവും വന്നിടിച്ചു, മലവെള്ളപ്പാച്ചിലിൽ ഏത് നിമിഷവും തകരാം, കുണ്ടലച്ചാപ്പ പാലം
നാട്ടുകാർ ആശങ്കയിൽ; പ്രദേശത്ത് വന്നടിഞ്ഞ കല്ലും മണ്ണും വാരി മാറ്റി പുഴയുടെ നടുവിലൂടെ നീരൊഴുക്ക് ക്രമീകരിക്കാൻ നടപടി ഉണ്ടായില്ലെന്നും ആരോപണം.
പൂളക്കുറ്റി∙ തുടർച്ചയായി കനത്ത മഴ പെയ്ത് ഉരുൾപൊട്ടലോ മലവെള്ള പാച്ചിലോ ഉണ്ടായാൽ കുണ്ടലച്ചാപ്പ പാലം ഏത് നിമിഷവും തകരാം എന്ന ഭീതിയിലാണ് പൂളക്കുറ്റിയിലെ നാട്ടുകാർ. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് കല്ലും മരവും വന്നിടിച്ചും മണ്ണും മണലും വന്നടിഞ്ഞും പാലത്തിന്റെ തൂണുകൾക്കും സ്ലാബിനും ബലക്ഷയം സംഭവിച്ചിരുന്നു.
കൈവരികളും അപ്രോച്ച് റോഡിന്റെ വശങ്ങളും തകർന്ന നിലയിലുമാണ്. പാലത്തിന്റെ ഒത്ത നടുവിലായി കോൺക്രീറ്റിനു മുകളിൽ ഒരു കുഴി രൂപപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ കഴിഞ്ഞ ഉരുൾപൊട്ടലിൽ തകരുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ പൊളിച്ചു മാറ്റുകയും ചെയ്തിരുന്നു.
പൂളക്കുറ്റിയിൽ നിന്ന് ഈ പാലം കടന്ന് മാടശ്ശേരി വഴി നെടുംപൊയിൽ മാനന്തവാടി റോഡിലെ 28–ാം മൈലിലേക്കു പോകുന്നതാണ് പ്രധാന റോഡ്. കൂടാതെ തുടിയാട്, ഏലപ്പീടിക, കൊളക്കാട്, മലയാംപടി പ്രദേശങ്ങളിലേക്കും പോകുന്നതിന് ഉള്ള പാതയിലാണ് ഈ പാലം. ഈ മേഖലകളിലേക്ക് പോകുന്നതിനും വരുന്നതിനുമായി നൂറുകണക്കിനാളുകൾ ദിവസവും ഉപയോഗിക്കുന്ന റോഡാണിത്. കൂടാതെ സ്കൂൾ ബസുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയും കടന്നു പോകുന്നുണ്ട്. ഈ മഴക്കാലത്തെ അതിജീവിക്കാൻ പാലത്തിന് സാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഒപ്പം പുഴ നിറഞ്ഞ് വെള്ളമെത്തിയാൽ വീടുകൾക്ക് ഭീഷണിയാകുമെന്ന ഭീതിയിലുമാണ്.