മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും; ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന് സിസോദിയ
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസോദിയക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. സിബിഐ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി.
തന്റെ വീട്ടില്‍ 14 മണിക്കൂര്‍ സിബിഐ തിരച്ചില്‍ നടത്തി. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും ഒന്നും ലഭിച്ചില്ലെന്നും സിസോദിയ പറഞ്ഞു. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം മുന്നില്‍ കണ്ടാണ് നീക്കം നടത്തുന്നത്. വരുന്ന ദിവസങ്ങളില്‍ താന്‍ ഗുജറാത്തില്‍ പ്രചാരണത്തിന് പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. എന്റെ അറസ്റ്റിലൂടെയോ ജയില്‍ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ കഴിയില്ല. മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.