തകർന്നു കുളമായി ചക്കരക്കൽ പ്രദേശത്തെ റോഡുകൾ; പലയിടത്തും വെള്ളക്കെട്ട്, കർഷകർക്കും ദുരിതം
ചക്കരക്കൽ : പ്രദേശത്തെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ നാട്ടുകാർക്ക് ദുരിതമാകുന്നു. മഴ വെള്ളം ശക്തമായി റോഡിലേക്ക് ഒഴുകുന്നതു കാരണം അഞ്ചരക്കണ്ടി–കണ്ണൂർ റോഡിൽ ബസ് സ്റ്റോപ്പിനു സമീപം ചെളിവെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തും വിധമാണ് ഇവിടെ റോഡിലെ മൺകൂന. കഴിഞ്ഞദിവസം വ്യാപാരികളുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇത് നീക്കിയത്. എന്നാൽ പിന്നീട് പെയ്ത മഴയിൽ വീണ്ടും വെള്ളക്കെട്ടും മൺകൂനയും രൂപപ്പെട്ട സ്ഥിതിയാണ്. ഇതിൽ നടപടി എടുക്കേണ്ടത് പിഡബ്ല്യുഡിയാണെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ നൽകിയതെന്ന് വ്യാപാരികൾ പറഞ്ഞു. കോയ്യോടൻചാൽ-കുഴിമ്പാലോട്മെട്ട കനാൽ റോഡിന്റെ പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കീഴല്ലൂർ പഞ്ചായത്തിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. ഏച്ചൂർ വയലിന്റെ കുറുകെയുള്ള കൊട്ടാനിച്ചേരി–കൊല്ലൻചിറ–വട്ടപ്പൊയിൽ റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചത് പ്രദേശവാസികൾക്ക് ദുരിതമായിട്ടുണ്ട്. റോഡിന്റെ ഇരു വശങ്ങളിലായി നിർമാണ പ്രവർത്തനത്തിന്റെയും മറ്റും ഭാഗമായുള്ള മാലിന്യം തള്ളിയതു കാരണം മഴവെള്ളം ഒഴുകി പോകാതെ റോഡിൽ തന്നെ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. റോഡിലെ ചെളി കാരണം ഏച്ചൂർ വയലിലേക്ക് നടന്നു പോകാനോ കാർഷിക ഉപകരണങ്ങൾ, വളം എന്നിവ വയലിൽ എത്തിക്കാനോ പറ്റുന്നില്ലെന്നു കർഷകർ പറയുന്നു. ചക്കരക്കൽ– തെക്കെയിൽ–മുതുകുറ്റി റോഡ് തകർന്ന് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടി ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. ചെമ്പിലോട് പഞ്ചായത്ത് പരിധിയിൽ പെടുന്ന ഈ റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് 2005 ലെ ജനസമ്പർക്കത്തിൽ തീരുമാനം ഉണ്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല. വാഹന ഗതാഗതത്തിനും കാൽനടയ്ക്കായി പോലും കഴിയാത്ത വിധം ശോചനീയമാണ് മിക്ക റോഡുകളും. തകർന്ന റോഡുകളിലൂടെ ഓട്ടോ, ടാക്സി വാഹനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്നില്ല. കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി റോഡുകൾ ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം