ചാന്ദ്ര രഹസ്യത്തിന്റെ ചുരുളഴിക്കാൻ ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും
വിക്ഷേപണം ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ.
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതുചരിത്രം രചിക്കാൻ ഐ.എസ്.ആര്.ഒ. ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ഉച്ചക്ക് 2:35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം.
ചാന്ദ്ര രഹസ്യത്തിന്റെ ചുരുളഴിക്കാൻ രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3 തയ്യാറായി കഴിഞ്ഞു. എല്‍.വി.എം-3 എന്ന റോക്കറ്റാണ് ചന്ദ്രയാൻ പേടകത്തെയും വഹിച്ച് ആകാശത്തേക്കുയരുക. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ പൂർത്തിയായി. അവസാന വട്ട സുരക്ഷാ പരിശോധനകളും നടത്തി. ഇന്ന് വിക്ഷേപിച്ച് ആഗസ്റ്റ് 24 ന് ചന്ദ്രനിൽ ഇറക്കുകയാണ് ലക്ഷ്യം. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതാണ് മിഷനിലെ ഏറ്റവും ദുഷ്കരമായ പ്രക്രിയ. വിജയിച്ചാൽ ഇത് കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രയാൻ രണ്ടിൽ നിന്ന് പാഠങ്ങൾ പഠിച്ച് നിരവധി മാറ്റങ്ങൾ ചന്ദ്രയാൻ മൂന്നിൽ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ബലപ്പെടുത്തി. ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.