ഐഎസ്എല്‍: മോഹന്‍ ബഗാനെ വീഴ്ത്തി ചെന്നൈയിന്, ഒന്നിനെതിരേ രണ്ട് ഗോളുകള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ എ.ടി.കെ. മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന് എഫ്.സി വീഴ്ത്തി. ചെന്നൈയിന് വേണ്ടി ക്വാമി കരികരിയും റഹിം അലിയും ലക്ഷ്യം കണ്ടപ്പോള്‍ മന്‍വീര്‍ സിങ് മോഹന്‍ ബഗാനുവേണ്ടി വലകുലുക്കി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ചെന്നൈയിന് വിജയം നേടിയത്.
മോഹന്‍ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. എ.ടി.കെ. മോഹന്‍ ബഗാന് വേണ്ടി മലയാളി താരം ആഷിഖ് കുരുണിയനും ചെന്നൈയിന് വേണ്ടി പ്രശാന്തും അരങ്ങേറ്റം നടത്തിയ മത്സരമായിരുന്നു ഇത്. ഇരുതാരങ്ങളും ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടുകയും ചെയ്തു.
27-ാം മിനിറ്റിലാണ് മന്‍വീര്‍ സിങ് ഗോളടിച്ചത്. മോഹന്‍ ബഗാന്റെ മികച്ച കൗണ്ടര്‍ അറ്റാക്കിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. ഇതോടെ മോഹന്‍ ബഗാന് 1-0 ന് മുന്നിലെത്തി. ആദ്യപകുതിയിലുടനീളം മോഹന്‍ ബഗാന് തന്നെയാണ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. രണ്ടാം പകുതിയില്‍ വേറിട്ടൊരു സംഭവത്തിന് ഐ.എസ്.എല്‍. വേദിയായി. മത്സരത്തിനിടെ 55-ാം മിനിറ്റില്‍ സ്റ്റേഡിയത്തിലെ ലൈറ്റുകളില്‍ ചിലത് പ്രവര്‍ത്തന രഹിതമായി. ഇതേത്തുടര്‍ന്ന് മത്സരം കുറച്ചുസമയം നിര്‍ത്തിവെയ്ക്കേണ്ടിവന്നു. 62-ാം മിനിറ്റില്‍ ക്വാമി കരികരിയൂടെ ചെന്നൈയിന് സമനില ഗോള്‍ നേടി. ബോക്സിലേക്ക് പന്തുമായി ഇരച്ചെത്തിയ കരികരിയെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത് ഫൗള്‍ ചെയ്തു. റഫറി ചെന്നൈയിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കുകയും ചെയ്തു. കരികരി തന്നെയെടുത്ത കിക്ക് അനായാസം ഗോള്‍ കീപ്പറെ മറികടന്ന് വലതുളച്ചു. 83-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ നെഞ്ചില്‍ തീ കോരിനിറച്ചുകൊണ്ട് റഹിം അലി വലകുലുക്കി. താരത്തിന് ഗോളവസരമൊരുക്കിയത് കരികരിയാണ്. കരികരിയുടെ ക്രോസ് സ്വീകരിച്ച റഹിം അലി മികച്ച ലോങ് റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. പിന്നീട് പ്രതിരോധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശകര്‍ ശ്രമിച്ചത്.