യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പ് സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വിദേശ പര്യടനത്തില്‍ കുടുംബത്തെ ഒപ്പം കൊണ്ട് പോയതടക്കം മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്ര ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴായിരുന്നു മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാല്‍ കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സര്‍ക്കാരിനുള്ളത്. ഇംഗ്ലണ്ടില്‍ നിന്ന് യാത്ര ദുബായിലേക്ക് നീട്ടിയതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ആക്ഷേപങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തള്ളിയിരുന്നു. വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണ്. ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു.