മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം; ലോക കേരള സഭയുടെ മേഖലാ സമ്മേളനം ഇന്ന്
ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യൂറോപ്യന്‍ പര്യടനം തുടരുന്നു. ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും.
നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തെ കുറിച്ചുളള വിവാദങ്ങള്‍ തീരുന്നില്ല. വിദേശ പര്യടനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനെ എതിര്‍ത്തും ന്യായീകരിച്ചും സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചയാണ്.