വയനാട്ടില്‍ നിന്നു കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി
കല്പറ്റ: വയനാട്ടില്‍ നിന്നു കാണാതായ സിഐയെ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ കെ.എ. എലിസബത്തിനെ (54) തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എലിസബത്ത് പാലക്കാട്ട് എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് എലിസബത്തിനെ കണ്ടെത്തിയത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിച്ചതായും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പറയുന്നു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറി. പാലക്കാട് എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായാണ് പൊലീസ് പറയുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് പൊലീസ് നേരത്തെ നല്കിയ വിശദീകരണം.