കോയമ്പത്തൂര്‍ സ്ഫോടനം; അഞ്ച് പേര് അറസ്റ്റില്‍, മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണെന്നാണ് വിവരം. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍.ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, ഉക്കടത്ത് ടൗണ്‍ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാറില്‍ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തില്‍ മുന്നോട്ട് പോയത്. ഈ ദൃശ്യങ്ങളില്‍ നാലു പേര് കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന് എന്ന യുവാവ് 2009 ല്‍ ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.