കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ, ഫലപ്രഖ്യാപനം ബുധനാഴ്ച
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയുടെയും തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. ഖര്‍ഗെയുടെ പ്രചാരണം കര്‍ണ്ണാടകത്തിലും, തരൂര്‍ ലഖ്നൗവിലുമായിരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്റെ പരാതി നേരത്തെ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ലായിരുന്നു. വോട്ടര്‍ പട്ടികയില്‍ വ്യക്തത ആവശ്യപ്പെട്ടായിരുന്നു തരൂരിന്റെ ആദ്യ പരാതി.
എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്.