കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍; പ്രതീക്ഷയോടെ ഖാര്‍ഗെയും തരൂരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍ നടക്കും. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പോളിംഗ്. ഒന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മത്സര രംഗത്തുള്ള മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും വോട്ടുറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലാണ്. ഭൂരിപക്ഷം നേതാക്കളും പിസിസികളും ഖാര്‍ഗെക്ക് പിന്തുണ അറിയിച്ചുണ്ട്. യുവാക്കളുടേതടക്കം വോട്ട് പ്രതീക്ഷിക്കുന്ന തരൂര്‍ രഹസ്യ ബാലറ്റിലൂടെ പിന്തുണ അനുകൂലമാകുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ തരൂരിന് വമ്പന്‍ സ്വീകരണമാണ് ഇന്നലെ മധ്യപ്രദേശില്‍ ലഭിച്ചത്. മധ്യപ്രദേശ് പിസിസി പ്രസിഡന്റ് കമല്‍നാഥ് നേരിട്ടെത്തി തരൂരിന് ആശംസകള്‍ നേര്‍ന്നു. തനിക്ക് നല്കിയ ഹൃദ്യമായ സ്വീകരണത്തിന് ട്വിറ്ററിലൂടെ മധ്യപ്രദേശ് കോണ്‍ഗ്രസിന് തരൂര്‍ നന്ദിയറിയിച്ചു.
എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും.