സി.പി.ഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 7 പുതുമുഖങ്ങള്‍
വിജയവാഡ: സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴു പുതുമുഖങ്ങള്‍ എത്തും. കെ. രാജന്, ജി.ആര്. അനില്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ക്കു പുറമേ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, പി പി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. ഇതോടെ സംസ്ഥാനത്തിനുള്ള ദേശീയ കൗണ്‍സില്‍ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍ ദേശീയ കൗണ്‍സിലില്‍ എത്തുന്നത് സംസ്ഥാന നേതൃത്വം തടഞ്ഞു. സുനില്‍കുമാറിന്റെ പേര് ടി.ആര്. രമേശ്കുമാര്‍ നിര്‍ദേശിച്ചെങ്കില്‍ നേതൃത്വം പിന്തുണച്ചില്ല. കെ.ഇ. ഇസ്മയില്‍ പക്ഷത്തെ പ്രധാനിയാണ് വി.എസ്. സുനില്‍കുമാര്‍. പ്രായപരിധി നിര്‍ദേശത്തില്‍ തട്ടി കെ.ഇ. ഇസ്മായില്‍, എന്‍. അനിരുദ്ധന് എന്നിവര്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവായി. പന്ന്യന്‍ രവീന്ദ്രന് സ്വയം ഒഴിയാന്‍ താത്പര്യം അറിയിച്ചു. ഇവരെക്കൂടാതെ ടി.വി. ബാലന്, സി.എന്‍. ജയദേവന്, എന്രാജന് എന്നിവരും ഒഴിവായി. സത്യന് മൊകേരി കണ്ട്രോള് കമ്മിഷന് അംഗമാവും. പ്രായപരിധി മാനദണ്ഡം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് കമ്മീഷന് ഭേദഗതികളോടെ അംഗീകരിച്ചിരുന്നു. ദേശീയ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ് വരെ ഭാരവാഹിയാകാം. 75 വയസ് വരെയുള്ളവര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറിമാരായും സേവനമനുഷ്ഠിക്കാം.