സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍; സംസ്ഥാന സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് ചര്‍ച്ചയാകും
ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ ശേഷമുള്ള ആദ്യ കേന്ദ്രകമ്മിറ്റി യോഗമാണിത്. തിങ്കളാഴ്ച വരെ നീളുന്ന യോഗത്തില്‍ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകളും ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉള്‍പ്പെടെയുള്ളവര്‍ മൂന്ന് ദിവസമായി ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കും. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളും വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. തൊഴിലാളി സംഘടന റിപ്പോര്‍ട്ടും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്യുന്നുണ്ട്.