ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഎം, സിപിഐ മുഖപത്രങ്ങള്‍
കണ്ണൂര്‍: രാജ്ഭവനില്‍ അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരേ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം, സിപിഐ മുഖപത്രങ്ങള്‍. സിപിഎം മുഖപത്രമായ ദേശാഭിമാനി രണ്ട് ലേഖനങ്ങളിലാണ് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ണറെന്ന് ദേശാഭിമാനി ആരോപിച്ചു. എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. ജയിന് ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ആരോപിക്കുന്നു. ജയിന് ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ നേതാവാണ് ഗവര്‍ണര്‍. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. ഉന്നത ഇടപെടലുകളെത്തുടര്‍ന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഇത്തരത്തില്‍ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
ബ്ലാക്മെയില്‍ രാഷ്ട്രീയത്തിന് ഗവര്‍ണര്‍ രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന് മനോനില തെറ്റിയപോലെ പെരുമാറുകയാണെന്നും ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഗവര്‍ണര്‍ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു എന്നാരോപിക്കുന്നു. രാജ്ഭവന്റെയും ഗവര്‍ണര്‍ പദവിയുടേയും ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്സൈറ്റില്‍ കേരള രാജ്ഭവന് എന്ന് സെര്‍ച്ച് ചെയ്താല്‍ മതി. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു.