സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും
ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും. നാഷണല്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായിട്ടാണ് ഡി. രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്. ആദ്യമായാണ് ഡി രാജയെ പാര്‍ട്ടി കോണ്‍ഗ്രസ് വഴി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2019ല്‍ സുധാകര്‍ റെഡ്ഡി ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരന്, കെ പി രാജേന്ദ്രന്, കെ രാജന്, പി പ്രസാദ്, ജി ആര് അനില്‍. പി പി സുനീര്‍, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, ടി ടി ജിസ്മോന് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍. കണ്ട്രോള് കമ്മീഷന് അംഗമായി സത്യന് മൊകേരിയേയും തെരഞ്ഞെടുത്തു.
കേരള ഘടകം അസിസ്റ്ററന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, രാജ്യസഭ എംപി പി സന്തോഷ് കുമാര്‍ എന്നിവര്‍ ദേശീയ എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
73കാരനായ ഡി രാജ, തമിഴ്നാട്ടില്‍ നിന്നുള്ള നേതാവാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കേരള ഘടകമാണ് രാജയുടെ പ്രവര്‍ത്തന ശൈലിയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചത്.