സര്‍ക്കാര്‍ ഇടപെടല്‍, 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാം, ദയാബായി സമരം അവസാനിപ്പിച്ചേക്കാം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മന്ത്രിമാരായ ആര്. ബിന്ദു, വീണാ ജോര്‍ജ് എന്നിവരാണ് സമരപന്തലിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയില്‍ കാസര്‍കോടിനേയും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ദയാബായി രണ്ടാഴ്ചയോളമായി സമരം നടത്തുന്നത്. ഇതില്‍ 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. എന്നാല്‍ മുഴുവന്‍ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. പിന്നീട് ഏറെ നേരം മന്ത്രിമാരുമായി സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്ന് ദയാബായി വ്യക്തമാക്കി.
സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളില്‍ 90 ശതമാനവും പരിഗണിക്കാന്‍ കഴിയുന്നവയാണെന്ന് മന്ത്രി ആര്. ബിന്ദു പ്രതികരിച്ചു. സമര സമിതി നേതാക്കളുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചര്‍ച്ചയില്‍ വിശദീകരിച്ചുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.
കാഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കും എന്നതടക്കം വിവിധ ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചു.