ഡൽഹിയിൽ റെക്കോർഡ് മഴ
തുടർച്ചയായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് അമർനാഥ് യാത്ര തുടർച്ചയായ മൂന്നാം ദിവസവും നിർത്തിവച്ചു.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്ന് പ്രവചനം. ജമ്മു കശ്മീരിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെയും കിഴക്കൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഇന്നും കനത്ത മഴ തുടരും. മഴക്കെടുതിയിൽ രാജസ്ഥാനിൽ വിവിധ സംഭവങ്ങളിലായി നാല് പേർ മരിച്ചു.
തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിർമൗർ, ലാഹൗൾ, സ്പിതി, ചമ്പ, സോളൻ ജില്ലകളിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഗതാഗതക്കുരുക്കിന് കാരണമായി.
24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, 1982 ന് ശേഷം ലഭിച്ച ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്.ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും വൈദ്യുതി തടസ്സവും അനുഭവപ്പെട്ടു.