ദേശീയ പാതകളടക്കം കുരുക്കിൽ; ഡൽഹി വെള്ളത്തിൽ
ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ദില്ലി: പ്രളയ സാഹചര്യം രൂക്ഷമായതോടെ ദില്ലി കനത്ത ജാഗ്രതയിൽ. യമുന നദിയിൽ ജലനിരപ്പ് ചെറുതായി രാത്രി കുറത്തെങ്കിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നാളെ ദില്ലിയിൽ ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്. ഇവിടങ്ങളിൽ ജനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങളുണ്ട്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലി ലഫ്റ്റനന്റ് ഗവർണറെ ഫോണിൽ വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം സംസാരിച്ചു. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് മോദി അറിയിച്ചു