സംവിധായകൻ സിദ്ധിഖിന്റെ ആരോഗ്യ നില ഗുരുതരം; അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് സംവിധായകന് സിദ്ധീഖിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥില്‍. കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചര വിഭാഗത്തിലാണ് നിലവില്‍ സിദ്ധീഖ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടാവുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
ലാലിനോടൊപ്പം ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ വഴിതെളിയിച്ച സംവിധായകനാണ് സിദ്ധീഖ്. സിദ്ധീഖ്-ലാല്‍ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും സിദ്ധീഖ് ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.