പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ. അച്യുതന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ബിലാത്തിക്കുളം അമൂല്യത്തില്‍ ഡോ.എ. അച്യുതന് (89) അന്തരിച്ചു. കേരളത്തിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയും പലതവണ സംസ്ഥാന പ്രസിഡന്റുമായിരുന്നു. പ്ലാച്ചിമട ജനകീയാന്വേഷണ കമ്മിഷന്, എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മിഷന്, ഇഎംഎസ് ഭവനനിര്‍മാണ കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്നു. പെരിയാര്‍വാലി പദ്ധതിയുടെ അന്വേഷണസമിതി അംഗവുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് ഡോ.അച്യുതന്റെ നേതൃത്വത്തിലാണു തയാറാക്കിയത്.
20 പുസ്തകങ്ങളും വിവിധ രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലായി പന്ത്രണ്ടു ശാസ്ത്രപ്രബന്ധങ്ങളും നൂറിലധികം ശാസ്ത്രലേഖനങ്ങളും പ്രസിദ്ധീകരിച്ചു. പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പരിസ്ഥിതി, ഊര്‍ജം, സാനിറ്റൈസേഷന്‍, പരിസ്ഥിതി സൗഹൃദ ഗതാഗതം എന്നിവ സംബന്ധിച്ചു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്.
‘പരിസ്ഥിതിപഠനത്തിന് ഒരാമുഖം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തനത്തിനു വിവിധ പുരസ്കാരങ്ങള്‍ നേടി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പൊതുദര്‍ശനവും റീത്ത് സമര്‍പ്പണവും ഒഴിവാക്കും. ഭാര്യ: സുലോചന. മക്കള്‍: ഡോ.അരുണ്‍ (കാനഡ വിഎല്എസ്ഐയില് എന്‍ജിനീയര്‍), ഡോ.അനുപമ എ.മഞ്ജുള (പാത്തോളജി അസോ.പ്രഫസര്‍, മഞ്ചേരി മെഡിക്കല്‍ കോളജ്). സഹോദരങ്ങള്‍: സത്യഭാമ തൃശൂര്‍, ഡോ.എ.ഉണ്ണികൃഷ്ണന് (നാഷനല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി ലാബ് ഡയറക്ടര്‍).