ക്ലാസ് കട്ട് ചെയ്തു കറങ്ങുന്ന വിദ്യാർഥികൾക്കും പിടിവീഴും
ലഹരി സംഘങ്ങളെ ‘പൊക്കാൻ’ ഡ്രോൺ പറത്തി പൊലീസ്.
ഇരിട്ടി : ലഹരി മാഫിയ സംഘങ്ങളെയും സാമൂഹിക വിരുദ്ധരെയും കണ്ടെത്തുന്നതിനായി ഡ്രോൺ പരിശോധനയുമായി പൊലീസ്. ഇരിട്ടി ടൗണിലും പരിസര പ്രദേശങ്ങളിലുമാണു പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം നടത്തിയത്. ക്ലാസ് കട്ട് ചെയ്തു കറങ്ങി നടക്കുന്ന വിദ്യാർഥികളെയും ഡ്രോൺ കണ്ടെത്തി. പൊലീസ് താക്കീത് നൽകി പറഞ്ഞയച്ചു. ലഹരി മാഫിയകളുടെ പ്രവർത്തനം തടയുന്നതിനായി പൊലീസ് കർശന പരിശോധനയാണ് മേഖലയിൽ നടത്തുന്നത്.
പ്രധാനമായും നഗരത്തിലെ ഊടുവഴികളും ആളൊഴിഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ കൈമാറ്റം, ഉപയോഗം, വിൽപന എന്നിവ കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. ഇന്നലെ സംശയ സാഹചര്യങ്ങൾ കണ്ടെത്താനായില്ല. പരിശോധന തുടരും. കണ്ണൂർ റൂറൽ പൊലീസിന് ലഭിച്ച ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇരിട്ടിയിൽ നടത്തിയത്. സിഐ കെ.ജെ.വിനോയ്, എസ്ഐ എം.രാജീവൻ, എഎസ്ഐ ജിജിമോൻ, അനൂപ് എടക്കാനം, ഷൗക്കത്ത്, കൃഷ്ണൻ, നിഷാദ് എന്നിവർ നേതൃത്വം നൽകി.