മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം; വെള്ളിയാഴ്ച്ച രാത്രിയാണ് ഭൂകമ്പം മൊറോക്കോയില്‍ നാശം വിതച്ചത്, 296 പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍ : മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പത്തില്‍ 296 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് ഭൂകമ്പം മൊറോക്കോയില്‍ നാശം വിതച്ചത്. അതേസമയം ഔദ്യോഗികമായ മരണ നിരക്ക് പുറത്തുവിട്ടിട്ടില്ല. ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. മാരക്കാഷിന്റെ ദക്ഷിണപശ്ചിമ ഭാഗത്തായിട്ടാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 18.5 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് ബാധിച്ചുവെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ഭയപ്പെടുത്തുന്ന ഒരു കുലുക്കമായിട്ടാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ഇത് ഭൂകമ്പമാണെന്ന് മനസ്സിലായെന്നും, മാരക്കാഷില് നിന്നുള്ള അബ്ദേല്ഹഖ് അല്‍ അമ്രാനി പറഞ്ഞു. കെട്ടിടങ്ങളൊക്കെ തകര്‍ന്ന് വീണിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യങ്ങള്‍ ഇവിടെയയില്ല. ഭൂകമ്പനത്തിന് പിന്നാലെ വീട്ടിന് പുറത്തേക്കാണ് ഓടിയത്.
റോഡില്‍ നിരവധി പേരുണ്ടായിരുന്നു. എല്ലാവരും ഭയന്നിരിക്കുകയായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. കുട്ടികള്‍ എല്ലാ ഭയന്ന് കരയുകയായിരുന്നു. പത്ത് മിനുട്ടോളം വൈദ്യുതി ഇല്ലായിരുന്നു. ടെലിഫോണും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും വീടിന് പുറത്ത് നില്‍ക്കാനായിരുന്നു ശ്രമിച്ചതെന്നും അമ്രാനി പറഞ്ഞു.മാരക്കാഷില് നിന്നുള്ള മറ്റൊരു നിവാസിയായ ഫായ്സല്‍ ബദോറിനും ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പറയാനുള്ളത്. വാഹനമോടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഭൂകമ്പം സംഭവിച്ചതെന്ന് ബദോര്‍ പറഞ്ഞു. വാഹനം നിര്‍ത്തി നോക്കിയപ്പോഴാണ് ഗുരുതരമാണെന്ന് മനസ്സിലാക്കി. നദികള്‍ കരകവിഞ്ഞ് ഒഴുകിയിരുന്നു. ഉച്ചത്തിലുള്ള കരച്ചിലുകളും കേള്‍ക്കാമായിരുന്നുവെന്ന് ബദോര്‍ വ്യക്തമാക്കി.
അതേസമയം മാരക്കാഷിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ആളുകളെ പ്രവേശിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അല്‍ ഹാവോസ് പട്ടണത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുടുംബം കുടുങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീട് ഭൂകമ്പത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള പട്ടണമാണ് അല്‍ ഹാവോസ്.
റാബത്ത്, കസാബ്ലാങ്ക, എസ്സൗര എന്നീ പട്ടണങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. പലയിടത്തും ഇന്റര്‍നെറ്റ് കണക്ഷന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവിച്ചത്. അയല്‍രാജ്യമായ അല്ജീരീയയിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2004ല്‍ മൊറോക്കോയില്‍ ഉണ്ടായ അതിതീവ്ര ഭൂകമ്പത്തില്‍ 628 പേര് മരിച്ചിരുന്നു. 926 പേര്‍ക്ക് പരിക്കുമേറ്റിരുന്നു. ഇതുവരെ രാജ്യത്തുണ്ടായതില്‍ വെച്ചുള്ള ശക്തമായ ഭൂകമ്പമാണ് ഇപ്പോഴതേതെന്ന് മൊറോക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.