സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇഡി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഇഡി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ മൊഴിയുടെ രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തള്ളിയ ഇഡി, കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ആവര്‍ത്തിക്കുന്നു. സ്വര്‍ണക്കടത്തിലെ വിചാരണ മാറ്റണമെന്ന ഹര്‍ജിയിലാണ് ഇ ഡി എതിര് സത്യവാങ്മൂലം നല്‍കിയത്.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇഡി കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഏജന്‍സി ഹര്‍ജി നല്‍കിയത്. കേരളത്തില്‍ വിചാരണ നടപടികള്‍ നടന്നാല്‍ അത് അട്ടിമറിക്കപ്പെടുമെന്നാണ് ഇഡിയുടെ ഹര്‍ജിയിലെ ആരോപണം. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഇ ഡിയുടെ ആവശ്യം സാങ്കല്പിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജൂഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും വാദിച്ചിരുന്നു. കേസില്‍ പ്രതിയായ എം ശിവശങ്കറും കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇഡിയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.