പരാതിക്കാരിയുടെ വീട്ടില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ യുവതി നല്കിയ പീഡന കേസില്‍ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എംഎല്‍എയുടെ വീട്ടില്‍ ഇന്ന് തെളിവെടുക്കാന്‍ സാധ്യത. വീട്ടില്‍ വെച്ചും എല്‍ദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോര്‍ട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
ഇതിനിടെ പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. പരാതിക്കാരിയുടെ വീട്ടില്‍നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍നിന്നാണ് എല്‍ദോസിന്റെ ടിഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തത്. മദ്യക്കുപ്പിയും ഇവിടെനിന്നു ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എല്‍ദോസിന്റെ ആണോയെന്ന് പരിശോധിക്കും. സെപ്റ്റംബര്‍ 15ന് വീട്ടില്‍ വന്ന് പോയപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതു ശരിവയ്ക്കുന്ന മറ്റു ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.
നവമാധ്യമങ്ങള്‍ വഴി എല്‍ദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രണ്ടു പരാതികളും പീഡന കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. എട്ടാം ദിനവും ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകള്‍ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എംഎല്‍എക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ച് മര്‍ദിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്.