എല്‍ദോസ് കുന്നപ്പിള്ളില്‍ കെപിസിസിക്ക് വിശദീകരണം നല്കി; പരിശോധിച്ച ശേഷം നടപടിയെന്ന് സുധാകരന്
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്കി. നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് എല്‍ദോസിന്റെ വിശദീകരണം. പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്. ഒരു പിആര്‍ ഏജന്‍സി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ വിശദീകരണത്തില്‍ പറയുന്നു.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നല്‍കിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് സ്ഥിരീകരിച്ചു. എല്‍ദോസ് നല്കിയ വിശദീകരണം അതുപോലെ എടുക്കില്ലെന്നും പാര്‍ട്ടി അന്വേഷണം നടത്തുമെന്നും കെ സുധാകരന് വ്യക്തമാക്കി. എംഎല്‍എയുടെ മറുപടി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. എല്‍ദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എല്‍ദോസിന്റെ നടപടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാര്‍ട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരന് വ്യക്തമാക്കി.