വിശദീകരണം തൃപ്തികരമല്ല; എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. എംഎല്‍എയുടെ വിശദീകരണം പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എല്‍ദോസ് പ്രതികരിച്ചു. ഉടന്‍ നിരപരാധിത്വം തെളിയിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതി നല്‍കിയത്. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉള്‍പ്പടെ അധിക കുറ്റങ്ങള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്.