കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; തരൂര്‍ പത്രിക പിന്‍വലിക്കില്ല, വോട്ടെടുപ്പ് ഈ മാസം 17ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. ശശി തരൂര്‍ പത്രിക പിന്‍വലിക്കില്ലെന്ന് ഉറപ്പായി. പാര്‍ട്ടിയെ ചെറുപ്പമാക്കുമെന്ന പ്രഖ്യാപനം നടത്തി ശശി തരൂര്‍ പ്രചാരണരംഗത്ത് ശക്തമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. ഈ മാസം 17 നാണ് വോട്ടെടുപ്പ്. ഒമ്പത് ദിവസം മാത്രം ശേഷിക്കെ പരമാവധി സംസ്ഥാനങ്ങളിലെത്തി പ്രചാരണം നടത്താനാണ് ഇരു സ്ഥാനാര്‍ത്ഥികളും ശ്രമിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഇന്നത്തെ പ്രചാരണപരിപാടികള്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും നടക്കും. പിസിസി ഓഫീസുകളിലെത്തി വോട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഖാര്‍ഗെയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്.
ഡല്‍ഹിയിലുള്ള ശശി തരൂര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കാണും. ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലാണ് തരൂരിന്റെ പ്രചാരണം. മുതിര്‍ന്ന നേതാക്കളുടെ അപ്രീതി ഒഴിവാക്കാന്‍ പലരും പരസ്യമായി തന്നെ പിന്തുണക്കാന്‍ മടിച്ചേക്കുമെങ്കിലും രഹസ്യ വോട്ടെടുപ്പായതിനാല്‍ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് തരൂര്‍.