പോലീസ് പിടിയിൽനിന്നും രക്ഷപ്പെട്ട് പുഴയിൽ ചാടി ഇതര സംസ്ഥാനത്തൊഴിലാളി
ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇയാളെ കരയ്ക്ക് കയറ്റി.
ഇരിക്കൂർ: ഇരിക്കൂറിൽ അമ്പലത്തില്‍ നിന്നും പോലീസ് പിടികൂടിയ ഇതര സംസ്ഥാനത്തൊഴിലാളി പുഴയില്‍ ചാടി. മട്ടന്നൂരിലെ ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇയാളെ കരയ്ക്ക് കയറ്റി. മാനസിക വിഭ്രാന്തി കാണിച്ച ഉത്തർപ്രദേശ് സ്വദേശിയായ നന്നു ചൗഹാൻ (35) എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലാണ് സംഭവം അരങ്ങേറിയത്.
ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ രണ്ട് ദിവസമായി ഇരിക്കൂറിലെ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലും പരിസരത്തുമായി കറങ്ങി നടക്കുകയും ഇന്നലെ ഉച്ചയോടെ അമ്പലത്തിനുള്ളിലേക്ക് മാനസിക വിഭ്രാന്തിയോടെ കയറുകയുമായിരുന്നു. ശ്രീകോവിലിൽ കയറാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ക്ഷേത്രം അധികൃതര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ നിന്നും ഓടിമാറിയ തൊഴിലാളി ഇരിക്കൂര്‍ പുഴയില്‍ ചാടി. നൂറ് മീറ്ററോളം താഴ്ഭാഗത്തേക്ക് ഒഴുകിയതിനു ശേഷം പുഴയിലെ സൈഡ് ഭാഗത്തുള്ള മരക്കുറ്റിയില്‍ പിടിച്ചു നിന്നു.
ഈ സമയം മട്ടന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന ഇരിക്കൂറില്‍ എത്തിയിരുന്നു. യുവാവ് കരയ്ക്ക് കയറാന്‍ സമ്മതിക്കാതെ വിവിധ ഭാഷകളില്‍ സംസാരിച്ചുകൊണ്ടും നിലവിളിച്ചുകൊണ്ടും കഴുത്തൊപ്പം വെള്ളത്തില്‍ത്തന്നെ നിലയുറപ്പിച്ചു. പോലീസ് യൂണിഫോമില്‍ നിന്നവരെ ഫയര്‍ഫോഴ്സ് സ്ഥലത്തു നിന്നും മാറ്റി നിര്‍ത്തി ഇതര ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് തൊഴിലാളിയുമായി ആശയവിനിമയം നടത്തി.
ഒരു മണിക്കൂറോളം വെള്ളത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ഫയര്‍ഫോഴ്സ് എറിഞ്ഞു നല്കിയ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളത്തില്‍ത്തന്നെ നിലയുറപ്പിച്ചു. ഈ സമയം വെള്ളത്തിലേക്ക് എടുത്തുചാടിയ രക്ഷാപ്രവര്ത്തകരെക്കണ്ട് നന്നു ചൗഹാൻ വെള്ളത്തിനടിയിലേക്ക് മറഞ്ഞു. സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലില്‍ ഇയാളെ പിടികൂടി കരയ്ക്ക് കയറ്റി.