കോയമ്പത്തൂരിലേത് ചാവേര്‍ ആക്രമണം? മരിച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവം ചാവേര്‍ ആക്രമണമെന്ന് സൂചന. മരിച്ചയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. പൊട്ടിത്തെറിച്ച കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും ലഭിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന് (25) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, ടൗണ്‍ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. കാര്‍ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സാധാരണ ചാവേറാക്രമണങ്ങള്‍ക്ക് പിന്തുടരുന്ന രീതി തന്നെയാണ് ഇവിടേയും ഉണ്ടായിരിക്കുന്നത് എന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിന് പിന്നാലെ തമിഴ്നാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 6 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്നാട് ഡിജിപി സി.ശൈലേന്ദ്രബാബുവും എഡിജിപി താമരൈക്കണ്ണനും കോയമ്പത്തൂരിലെത്തി സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. എഡിജിപി കോയമ്പത്തൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. ഉക്കടത്തെ തിരക്കേറിയ ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്.